സ്വർണ്ണമലയുടെ സാംസ്‌കാരിക നെറുകയിൽ പുത്തൻ ശോഭയോടെ പൊൻകുന്നം മുഹിയുദ്ദീൻ ജുമാ മസ്ജിദ്: നവീകരണോദ്ഘാടനം ഇന്ന്*.

*സ്വർണ്ണമലയുടെ സാംസ്‌കാരിക നെറുകയിൽ പുത്തൻ ശോഭയോടെ പൊൻകുന്നം മുഹിയുദ്ദീൻ ജുമാ മസ്ജിദ്: നവീകരണോദ്ഘാടനം ഇന്ന്*.

▪️▪️▪️▪️▪️

ഹൈറേഞ്ചിന്റെ കവാടവും, സ്നേഹത്തിന്റെ സ്വർണ്ണമലയുമായ പൊൻകുന്നത്തിന്റെ മണ്ണിൽ ചരിത്രമുദ്രകൾ പതിപ്പിച്ച പൊൻകുന്നം മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഇന്ന് പുതിയൊരു വികാസത്തിന്റെ നിറവിലാണ്. ഒരു ജനതയുടെ സാംസ്‌കാരിക വളർച്ചയ്ക്ക് എന്നും ഉത്തേജകമായി വർത്തിച്ചുപോന്നിട്ടുള്ള ഈ ആരാധനാലയം, നാടിന്റെ സമഗ്രപുരോഗതി മുന്നിൽക്കണ്ട്, സ്വയം വളരുന്നതോടൊപ്പം മറ്റുള്ളവർക്കു വളരാനുള്ള അവസരംകൂടി കണ്ടെത്തിക്കൊണ്ടായിരുന്നു ആദ്യകാല മുസ്ലിം നേതാക്കളുടെ പ്രയാണം. ഈ മതസഹിഷ്ണുതയുടെ പരിണതഫലമായാണു പൊൻകുന്നത്തിന്റെ ഹൃദയഭാഗത്ത് സുന്ദരമായ ഒരു ആരാധനാലയം പണികഴിപ്പിക്കാൻ കഴിഞ്ഞത്.

പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണം പൂർത്തിയായപ്പോൾ റോഡ് ഉയരുകയും മസ്ജിദ് റോഡ് നിരപ്പിൽ നിന്ന് ഒരുപാട് താഴെയാകുകയും ചെയ്തിരുന്നു. വയോധികർക്കും ഭിന്നശേഷിക്കാർക്കും ആരാധനാ കർമ്മങ്ങൾക്ക് എത്താൻ സ്റ്റെപ്പുകൾ കയറി ഇറങ്ങുന്നതിനുള്ള ഈ ബുദ്ധിമുട്ട് പരിഗണിച്ച്, നിലവിൽ സംസ്ഥാന പാതയിൽ നിന്ന് നേരിട്ട് മസ്ജിദിലേക്ക് പ്രവേശിക്കും വിധം ആധുനിക ശൈലിയിൽ പണി തീർത്ത മസ്ജിദിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്, 2026 ഫെബ്രുവരി 7 ശനിയാഴ്ച വൈകുന്നേരം 5:30-ന് മസ്ജിദ് അങ്കണത്തിൽ വെച്ച് നടത്തപ്പെടുന്നു.

ആരാധനാലയത്തിന്റെ ആവശ്യകത ഏറിവന്നപ്പോൾ വഞ്ഞിപ്പുഴ ചീഫിനെക്കണ്ട് തിരുവെഴുത്ത് വാങ്ങി, 1927-ൽ കോട്ടയം ഡിവിഷണൽ കച്ചേരിയിൽ അപേക്ഷ ബോധിപ്പിക്കുകയും 1929-ൽ പള്ളി പണിയാൻ സ്ഥലം അനുവദിച്ചുകിട്ടുകയും ചെയ്തു. അതേവർഷം പള്ളിപണി ആരംഭിച്ചു. എസ്. നൈനാങ്കൻ റാവുത്തർ, പി.എ. ശിക്തന്തർ റാവുത്തർ, പി.ഇ. മദാർസൻ റാവുത്തർ, വി.എ. കാസിം സാഹിബ്, എസ്.കെ. സെയ്തുമീരാൻ റാവുത്തർ, വി.കെ. മൊയ്തീൻ റാവുത്തർ, യു.എ. ഇകാതിരു മൈതീൻ റാവുത്തർ, എം. മുഹമ്മദ് റാവുത്തർ, യു.എ.എൻ. ഇസ്മയിൽ റാവുത്തർ തുടങ്ങിയവരാണു പള്ളിപണിക്ക് നേതൃത്വം നൽകിയത്.

മതസൗഹാർദത്തിന്റെ പ്രതീകമെന്നോണം മദ്രസ സ്ഥിതിചെയ്യുന്ന സ്ഥലം പരേതനായ തോട്ടുങ്കൽ ടി.വി. ആന്റണിയുടേതായിരുന്നു. അദ്ദേഹം നൽകിയ സ്ഥലത്താണ് ഹിന്ദു, ക്രിസ്ത്യൻ ദേവാലയങ്ങളുടെ സമീപം മനോഹരമായ ജുമാമസ്ജിദ് ഉയർന്നത്. 1982 മേയ് മൂന്നിന് അന്നത്തെ കേന്ദ്ര നിയമകാര്യ സഹമന്ത്രി എ.എ. റഹീം പുതിയ പള്ളിക്ക് തറക്കല്ലിട്ടു. 1984-ൽ പണി പൂർത്തിയായ മസ്ജിദ് ഇന്ന് ഏകദേശം മൂന്ന് ഏക്കറോളം വരുന്ന വിശാലമായ ഭൂമിയിലായി നിലകൊള്ളുന്നു. ഇന്ന് പൊൻകുന്നം മുഹിയുദ്ദീൻ ജുമാ മസ്ജിദിന്റെ കീഴിൽ രണ്ട് പള്ളികൾ കൂടി പ്രവർത്തിക്കുന്നുണ്ട്; ഇരുപതാം മൈലിൽ തഖ്‌വാ ജുമാ മസ്ജിദും കോയിപ്പള്ളിയിൽ മദീന മസ്ജിദും. ഈ മസ്ജിദുകളിൽ പ്രമുഖ പണ്ഡിതന്മാരായ മൻസൂർ ഹാദിയും, ഇരുപതാം മൈലിൽ ഹിദായത്തുള്ള അൽഖാസിമിയും സേവനം അനുഷ്ഠിച്ചുവരുന്നു.

തിരുവനന്തപുരം പാളയം മസ്ജിദ് ഇമാം ഡോക്ടർ വി.പി. ശുഹൈബ് മൗലവി നിർവ്വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക മത സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. ഗവണ്മെന്റ് ചീഫ് വിപ്പ് ഡോക്ടർ എൻ. ജയരാജ്, ആന്റോ ആന്റണി എം.പി. എന്നിവർക്കൊപ്പം പൊൻകുന്നം ഹോളി ഫാമിലി ചർച്ചിലെ റവ. ഫാ. തോമസ് പൂവത്തിക്കുന്നേൽ, എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് അഡ്വ. എം.എസ്. മോഹൻ എന്നിവർ ചടങ്ങിന് മാറ്റുകൂട്ടും. *പുതിയകാവ് ദേവി ക്ഷേത്രവും ഫെറോന പള്ളിയും ജുമാ മസ്ജിദും ചേർന്നു നിൽക്കുന്ന പൊൻകുന്നം എന്ന ഈ മതസൗഹാർദത്തിന്റെ ഈറ്റില്ലത്തിൽ, വിശ്വാസികൾക്കായി തുറന്നു നൽകുന്ന ഈ നവീകരിച്ച മസ്ജിദ് സ്വർണ്ണമലയുടെ ചരിത്രത്തിൽ എന്നും തിളങ്ങി നിൽക്കും*.