മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.
തിരൂരങ്ങാടി തലപ്പാറ സ്വദേശി ആണ്ടിവളപ്പ് വീട്ടില്‍ മുഹമ്മദ് അനസ് (20 വയസ്) ആണ് നല്ലളം പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 19-നാണ് സംഭവം നടന്നത്. 15 വയസുള്ള പെണ്‍കുട്ടിയുടെ നല്ലളത്തുള്ള വീട്ടില്‍ കയറി പ്രതി പീഡിപ്പിക്കുകയായിരുന്നു.
നോമ്പിലായിരുന്ന പ്രതി നിസ്കരിക്കാനായി പള്ളിയിലേക്ക് പോകുന്ന വഴിയിലാണ് വീട്ടില്‍ കയറി കൃത്യം നടത്തിയത്. സംഭവസമയത്ത് കുട്ടിയുടെ അമ്മ തൊഴിലുറപ്പ് ജോലിക്കായി പുറത്തുപോയിരിക്കുകയായിരുന്നു. വീട്ടില്‍ പെണ്‍കുട്ടി മാത്രമായിരുന്നു ഉണ്ടായിരുന്നത്. പെൺകുട്ടി മുറ്റത്ത് നിക്കുന്നത് കണ്ട് ലോഹ്യഭാവത്തിൽ അടുത്ത് ചെന്ന പ്രതി വീട്ടിൽ മാറ്റാരുമില്ലെന്ന് മനസ്സിലാക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ പിടിച്ച് വലിച്ച് വീട്ടിനുള്ളിലേക്ക് എത്തിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പോലീസ് അന്വേഷണത്തിനിടയിൽ സുഹൃത്തുക്കൾക്കൊപ്പം നോമ്പ് തുറക്കുകയായിരുന്ന പ്രതിയെ നല്ലളത്തു വച്ച് സബ് ഇന്‍സ്പെക്ടര്‍ ശൈലേന്ദ്രന്, സിവില്‍ പൊലീസ് ഓഫീസര്‍ സുബീഷ് എന്നിവർ ചേർന്ന് പിടികൂടുകയുമായിരുന്നു